നടി ആക്രമിക്കപ്പെട്ട കേസില്‍ എഎംഎംഎ വനിതാ ഭാരവാഹികള്‍ കക്ഷി ചേര്‍ന്ന് നല്‍കിയ ഹര്‍ജിക്കെതിരേ പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും രംഗത്ത്. നടിക്കായി 25 വര്‍ഷത്തിലധികം അനിഭവ സമ്പത്തുള്ള അഭിഭാഷകനെ വെക്കണമെന്നാണ് എഎംഎംഎ ഭാരവാഹികളായ ഹണി റോസും രചന നാരായണന്‍കുട്ടിയും ആവശ്യപ്പെട്ടത്. എന്നാല്‍ നിലവില്‍ പ്രൊസിക്യൂഷന്‍ കേസ് നന്നായി വാദിക്കുന്നുണ്ടെന്നും എഎംഎംഎ ഭാരവാഹികളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നും നടിയും നിലപാടെടുത്തു.
കേസില്‍ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ സ്വീകരിച്ച സമീപനത്തോട് വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് കേസില്‍ കക്ഷിചേരുന്നതിനുള്ള ശ്രമമുണ്ടായത്. നേരത്തേ കേസിന്റെ വിചാരണ നിരന്തരം ഹര്‍ജികള്‍ നല്‍കി പ്രതികള്‍ വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.