ആത്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 21 മുതല്‍ 25 വരെ കോട്ടയം അനശ്വര തീയറ്ററില്‍ നടക്കും. 21 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും. നാലു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കൊറിയന്‍ ചിത്രം പാരസൈറ്റ് മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 15 വിദേശ ചിത്രങ്ങള്‍ അടക്കം 25 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍, സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരുമായ സിബി മലയില്‍, ബീനാ പോള്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, വി.എന്‍ വാസവന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സംവിധായകന്‍ ജോഷി മാത്യു എന്നിവര്‍ പങ്കെടുക്കും.
25 ന് സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തില്‍ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം ലഭിച്ച വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ.ബിജു, ചിത്രത്തിലെ നായകന്‍ ഇന്ദ്രന്‍സ്, ഗോവര്‍ദ്ധന്‍, നിര്‍മ്മാതാവ് ബേബിമാത്യു സോമതീരം, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.കെ ജോസഫ് എന്നിവര്‍ പങ്കെടുക്കും. ഇത് കൂടാതെ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യാതിഥിയാവും. സാഹിത്യകാരി കെ.ആര്‍ മീര മുഖ്യ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളായി നടക്കുന്ന സമ്മേളനങ്ങളിലും ഓപ്പണ്‍ ഫോറങ്ങളിലും മലയാള സിനിമയിലെ പ്രമുഖ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുക്കും. കൂടാതെ കോട്ടയത്തെ പ്രമുഖരായ സിനിമാ നിര്‍മ്മാതാക്കളും ,സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവരും ഫെസ്റ്റിവലിന്റെ ഭാഗമാകും.
എല്ലാ ദിവസവും ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന മലയാള സിനിമയ്ക്കു ശേഷം സിനിമയുടെ സംവിധായകര്‍ പങ്കെടുക്കുന്ന സിനിമ ചര്‍ച്ച നടക്കും നടക്കും. പ്രേക്ഷകര്‍ക്ക് ഈ സംവിധായകരും അണിയറ പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാന്‍ അവസരം ലഭിക്കും.വിവിധ ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും അജു കെ.നാരായണന്‍ , കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമറാ വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ക്യാമറാമാന്‍ സണ്ണി ജോസഫ് എന്നിവര്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തിന് മുന്നോടിയായും സിനിമാ പ്രവര്‍ത്തകരെ പരിചയപ്പെടുത്തും. ഫൈനല്‍സിന്റെ സംവിധായകന്‍ അരുണ്‍ , അങ്കിള്‍ സിനിമയുടെ സംവിധായകന്‍ ഗിരീഷ് ദാമോദര്‍ , കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ സംവിധായകന്‍ ജിയോ ബേബി , പി.ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ ചിത്രാകൃഷ്ണന്‍ കുട്ടിയുടെ ശേഖരത്തിലുള്ള ചലച്ചിത്ര ഫോട്ടോ പ്രദര്‍ശനം ക്യാമറാമാന്‍ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി പ്രശസ്ത കലാകാരന്മാരായ ആര്‍ട്ടിസ്റ്റ് അശോകന്‍ , ആര്‍ട്ടിസ്റ്റ് കെ.എസ് ശങ്കര്‍ , കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ , ഉദയന്‍, പ്രസന്നന്‍ ആനിക്കാട്, യേശുദാസ് പി.എം എന്നിവര്‍ ഫെസ്റ്റിവല്‍ കാഴ്ചകള്‍ എന്ന പേരില്‍ ചിത്രങ്ങള്‍ വരയ്ക്കും. സി.എം.എസ് കോളേജിലെ മ്യൂസില് ക്ലബ് ഒരുക്കുന്ന മ്യൂസിക്കല്‍ ഈവനിംങ്, യേശുദാസിന്റെയും സതീഷ് തുരുത്തിയുടെയും നാടന്‍പാട്ടുകളും, ആത്മയിലെ കലാകാരന്മര്‍ ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോര്‍ത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും.
എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ ആറു വരെ നടക്കും. ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഫെസ്റ്റിവല്‍ കാഴ്ചകള്‍ എന്ന പേരില്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഫെസ്റ്റിവല്‍ കാഴ്ചകള്‍ക്ക് സമ്മാനവും വിതരണം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.
300 രൂപയാണ് ഡെലിഗേറ്റ് പാസുകള്‍ ലഭിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാണ് ചലച്ചിത്ര മേളയിലേയ്ക്കു പ്രവേശനം. പത്രസമ്മേളനത്തില്‍ ആത്മപ്രസിഡന്റ് ആര്‍ട്ടിസ്റ്റ് സുജാതന്‍, ഫെസ്റ്റിവല്‍ ഡയറക്ടറും ചെയര്‍മാനുമായ ജോഷി മാത്യു, ജനറല്‍ കണ്‍വീനര്‍ ഫെലിക്‌സ് ദേവസ്യ, ഫെസ്റ്റിവല്‍ വൈസ് ചെയര്‍മാന്‍ ബിനോയ് വേളൂര്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ഫെലിക്‌സ് മനയത്ത് എന്നിവര്‍ പങ്കെടുത്തു.
മേളയിലെ ചിത്രങ്ങള്‍
പാരസൈറ്റ് (കൊറിയ)- നാല് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം. കാന്‍ഫിലിം ഫെസ്റ്റിവലിലെ പുരസ്‌കാരം.
ഫിയേലാസ് ചൈല്‍ഡ് (ദക്ഷിണ ആഫ്രിക്ക)- കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആഫ്രിക്കന്‍ ചിത്രം.
ആഡല്‍ട്ട് ഇന്‍ ദ റൂം (ഫ്രാന്‍സ് , ഗ്രീസ് )- വെനീസ് ഫിലിം ഫെസ്റ്റിവല്‍. സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.
ഡീപ്പ് വെല്‍ ( ഖസാക്കിസ്ഥാന്‍)- ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹണത്തിനുള്ള പുര്‌സ്‌കാരം നേടിയ ചിത്രം.
ഡോര്‍ ലോക്ക് (കൊറിയ)- ഫാര്‍ ഈസ്റ്റ് ഫിലിം ഫെസ്റ്റിവല്‍. ബ്രസല്‍സ് ഫണ്ടാസ്റ്റിക് ഫിലിം ഫെസ്റ്റിവല്‍.
ഹൈഫ സ്ട്രീറ്റ് (ഇറാഖ് , ഖത്തര്‍) -ബുസാന്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം
ഹാവ, മരിയം, ഐഷ (അഫ്ഗാന്‍)- വെനീസ് ഫിലിം ഫെസ്റ്റിവല്‍
ഇറ്റ് മസ്റ്റ് ബി ഹെവന്‍ (ഫ്രാന്‍സ്, ഖത്തര്‍, ജര്‍മ്മനി, കാനഡ, ടര്‍ക്കി, പാലസ്തീന്‍)- കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം
മൈ ന്യൂഡിറ്റി മീന്‍സ് നത്തിംങ്( ഫ്രാന്‍സ്)- ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോത്തര്‍ഡാം, സിഡ്‌നി ഫിലിം ഫെസ്റ്റിവല്‍
കാമിലി (ഫ്രാന്‍സ്, സെന്‍ട്രല്‍ അഫ്രിക്കന്‍ റിപബ്ലിക്ക്)- ലോക്കാര്‍ണോ ഫിലിം ഫെസ്റ്റിവല്‍
ഗോഡ് എക്‌സിസ്റ്റ് , ഹേര്‍ നെയിം ഇസ് പെട്രേൂണിയ (റിപബ്ലിക്ക് ഓഫ് മാസിഡോണിയ, ക്രൊയേഷ്യ)-ബെര്‍ളില്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി പുരസ്‌കാരം. ഡോര്‍ട്ട്മുണ്ട് വനിതാ ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം
ബ്യൂര്‍ണിംങ് (കൊറിയ, ജപ്പാന്‍)- കാന്‍ ഫിലിം ഫെസ്റ്റിവല്‍
പാപ്പിച്ച (ഫ്രാന്‍സ്, അല്‍ജീരിയ)-കാന്‍ ഫിലിം ഫെസ്റ്റിവല്‍
യങ്ങ് അഹമ്മദ് (ബെല്‍ജിയം ഫ്രാന്‍സ്)- കാന്‍ ഫിലിം ഫെസ്റ്റിവല്‍
നോ ഫാദര്‍ ഇന്‍ കാശ്മീര്‍ (ഇന്ത്യ, യുകെ)- ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍
Atma International Film Festival will be held in Kottayam on Feb 21-25.