പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ ഉപേക്ഷിച്ചു

പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നന്‍’ ഉപേക്ഷിച്ചു

മലബാര്‍ കലാപത്തിലെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടത്തെ ആധാരമാക്കി ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ‘വാരിയംകുന്നന്‍’ ഉപേക്ഷിച്ചു. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നേരത്തേ പദ്ധതിയിട്ടിരുന്നത്. വലിയ മുതല്‍മുടക്കും ജനപങ്കാളിത്തവും മുന്നൊരുക്കങ്ങളും ആവശ്യമുള്ള ചിത്രം ഉടനൊന്നും സാധ്യമാകാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ആഷിഖും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്‍മാറുന്നത്. തിരക്കഥാകൃത്തുക്കള്‍ മറ്റൊരു ടീമിനൊപ്പം ഈ ചിത്രവുമായി മുന്നോട്ടു പോകുമോയെന്ന് വ്യക്തമല്ല.

ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളുമായുള്ള രാഷ്ട്രീയമായതുള്‍പ്പടെയുള്ള ആഷിഖ് അബുവിന്‍റെ അഭിപ്രായ ഭിന്നതകള്‍ നേരത്തേ വാര്‍ത്തകളില്‍ വന്നിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായി തുടങ്ങിയ മലബാര്‍ കലാപവും അതിന് രിണാമത്തില്‍ സംഭവിച്ച വര്‍ഗീയമായ അപഭ്രംശങ്ങളും എക്കാലത്തും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. വാരിയംകുന്നത്ത് ചിത്രവും പ്രഖ്യാപനത്തിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.

കലാപത്തിന്‍റെ വഴിപിഴക്കലുകളെ ചെറുക്കുകയും മറ്റു മതസ്ഥരുടെ കൂടി സഹകരണത്തോടു കൂടി പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തുവെന്നാണ് വാരിയംകുന്നത്തിനെ ചരിത്രം രേഖപ്പെടുത്തുന്നത്. എന്നാല്‍ വാരിയം കുന്നത്ത് സാമുദായിക കലാപത്തെ നയിച്ച പ്രതിനായകനാണെന്ന വാദം ഉയര്‍ത്തി സംഘപരിവാര്‍ അനുഭാവിയായ സംവിധായകന്‍ അലി അക്ബര്‍ ‘വാരിയംകുന്നനു’ ബദലായി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. ‘പുഴ മുതല്‍ പുഴ വരെ’ എന്നു പേരിട്ട ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ഈ ചിത്രവും ഏറക്കുറേ നിലച്ച മട്ടാണ്.

പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന മറ്റൊരു ചിത്രവും ആഷിഖ് അബു പ്രഖ്യാപിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന ചിത്രത്തെ ആധാരമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

Director Ashique Abu and lead actor Prithviraj opted out of ‘Vaariyamkunnan’. The project is now in a shelved stage.

Latest