ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ അര്‍ച്ചന കവി ഇപ്പോള്‍ അത്ര സജീവമായി സിനിമയിലില്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ പരമ്പരകള്‍ സംവിധാനം ചെയ്തും അഭിനയിച്ചുമെല്ലാം പ്രേക്ഷകരുടെ മുന്നിലുണ്ട്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു ഫോട്ടോ വിവാദമായിരുന്നു. കൊച്ചി തോപ്പുംപടിയിലെ ഹാര്‍ബര്‍ പാലത്തിന്റെ നടുക്ക് നിന്ന് ഫോട്ടോയെടുക്കുകയാണ് താരം ചെയ്തത്. ഫോട്ടോ എടുക്കുന്നതിനിടെ പുറകില്‍ വണ്ടി വന്നെങ്കിലും ഫോട്ടോ പൂര്‍ത്തിയാക്കിയ ശേഷമാണ് അര്‍ച്ചന മാറിയത്. ആദ്യം ഇതിന്റെ ഫോട്ടോയും പിന്നീട് വിഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ അര്‍ച്ചന പങ്കുവെച്ചിരുന്നു. എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ ഇപ്പോള്‍ ഇവ രണ്ടും നീക്കം ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടി പറയുകയാണ് അര്‍ച്ചന.
‘ ആഴ്ചകള്‍ക്ക് മുമ്പ് എടുത്തതാണ് ആ ചിത്രം. രാവിലെ ആറ് മണിക്കാണ് സംഭവം. ഞങ്ങള്‍ ആ പാലത്തില്‍ ഉണ്ടായിരുന്നത് വെറും സെക്കന്റുകള്‍ മാത്രമാണ്. ഒരു തരത്തിലും അവിടെ വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയിട്ടില്ല. എനിക്ക് ഏറെ ഓര്‍മകളുള്ള ഇടമാണ് തോപ്പുംപടി പാലം. അതിന് സമീപത്തായി താമസിക്കുന്ന ഒരു കസിനുണ്ടെനിക്ക്. അന്നൊരിക്കല്‍ കപ്പലിന് കടന്നുപോകാനായി പാലം തുറന്നുകൊടുത്തത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. അത്തരത്തില്‍ ഇനി അത് കാണാന്‍ കഴിയും എന്ന് പോലും തോന്നുന്നില്ല. അങ്ങനെ ഉണ്ടായ ആഗ്രഹത്തിന്റെ പുറത്താണ് ഫോട്ടോ എടുത്തത്.
അത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടൊന്നുമായിരുന്നില്ല. വ്യക്തിപരമായ ഒരു ആഗ്രഹത്തിന് വേണ്ടി നിമിഷങ്ങള്‍ മാത്രമെടുത്ത ഒരു പടമെടുപ്പായിരുന്നു. അടുത്തുള്ള ബസ്റ്റോപ്പില്‍ നിന്നും തൊഴിലാളികള്‍ക്കൊപ്പവും ഫോട്ടോയെടുത്താണ് അന്ന് മടങ്ങിയത്.അന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടായില്ലെന്ന് മാത്രമല്ല, ആരും പരാതി പറഞ്ഞതുമില്ല’ അര്‍ച്ചന പറഞ്ഞു.