ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ അര്‍ച്ചന കവി ഇപ്പോള്‍ അത്ര സജീവമായി സിനിമയിലില്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ പരമ്പരകള്‍ സംവിധാനം ചെയ്തും അഭിനയിച്ചുമെല്ലാം പ്രേക്ഷകരുടെ മുന്നിലുണ്ട്. ഇപ്പോള്‍ താരം നടത്തിയ ഒരു വ്യത്യസ്ത പരീക്ഷണമാണ് വിവാദവും വാര്‍ത്തയുമായിരിക്കുന്നത്.
കൊച്ചി തോപ്പുംപടിയിലെ ഹാര്‍ബര്‍ പാലത്തിന്റെ നടുക്ക് നിന്ന് ഫോട്ടോയെടുക്കുകയാണ് താരം ചെയ്തത്. ഫോട്ടോ എടുക്കുന്നതിനിടെ പുറകില്‍ വണ്ടി വന്നെങ്കിലും ഫോട്ടോ പൂര്‍ത്തിയാക്കിയ ശേഷമാണ് അര്‍ച്ചന മാറിയത്. ആദ്യം ഇതിന്റെ ഫോട്ടോയും പിന്നീട് വിഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ അര്‍ച്ചന പങ്കുവെച്ചിരുന്നു. എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ ഇപ്പോള്‍ ഇവ രണ്ടും നീക്കം ചെയ്തിരിക്കുകയാണ് താരം. ബ്ലോഗുകളിലും വോഗുകളിലുമെല്ലാം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അര്‍ച്ചന. റോഡ് സുരക്ഷ പാലിക്കാതെ നടത്തിയ പ്രകടനം തീര്‍ത്തും അനുചിതമായെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.