കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിലൂടെ മലയാളി താരം ആന്‍റണി വര്‍ഗീസ് തമിഴില്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. ഇതിനകം ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസിലിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദിന്റെ തമിഴിലെ രണ്ടാമത്തെ വില്ലന്‍ വേഷമാണിത്. വളരേ പ്രധാനപ്പെട്ടൊരു വേഷത്തിനു തന്നെയാണ് ആന്‍റണി വര്‍ഗീസിനെയും സമീപിച്ചിട്ടുള്ളതെന്നാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
1986ലെ സൂപ്പര്‍ഹിറ്റ് കമല്‍ഹാസന്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രത്തിലെന്നാണ് സൂചന. കമലിന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാഷ്ട്രീയ തിരക്കുകള്‍ മാറ്റിവെച്ച് കമല്‍ പൂര്‍ണമായും ചിത്രത്തിനായി തയാറെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഷൂട്ടിംഗ് ആരംഭിക്കും.
ലോകേഷ് കനകരാജിന്റെ കഴിഞ്ഞ ചിത്രം മാസ്റ്ററിലും ഒരു വേഷത്തിനായി ആന്റണിയെ സമീപിച്ചിരുന്നു. എന്നാല്‍ മറ്റൊരു ചിത്രവുമായുള്ള ഡേറ്റ് പ്രശ്‌നം കാരണം അവസാന നിമിഷം ആന്റണിക്ക് ഈ വേഷം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
Malayalam actor Antony Varghese may do a pivotal role in Lokesh Kanagaraj’s Kamal Hassan starrer Vikram.