സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആങ്ങളമാരുടെ ഉപദേശത്തിനും ആക്രമണത്തിനും ഇടയാക്കിയ തന്‍റെ വസ്ത്രം ചേച്ചി പിറന്നാള്‍ സമ്മാനമായി തന്നതാണെന്ന് നടി അനശ്വര രാജന്‍. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി താരങ്ങള്‍ അനശ്വരക്ക് പിന്തുണയുമായി ‘വീ ഹാവ് ലെഗ്‍സ്’ എന്ന കാംപെയ്നുമായി എത്തിയിരുന്നു. താന്‍ തനിക്ക് ഉചിതവും ഇഷ്ടവുമുള്ള വേഷം ധരിക്കുന്നുവെന്നും അതോര്‍ത്ത് ബുദ്ധിമുട്ടാതെ സ്വന്തം കാര്യം നോക്കൂവെന്നുമാണ് അനശ്വര ആദ്യം സൈബര്‍ അധിക്ഷേപങ്ങളോട് പ്രതികരിച്ചിരുന്നത്.
” പിറന്നാളിന് ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം. അതെനിക്ക് നന്നായി ചേരുന്നുണ്ടെന്ന് തോന്നിയപ്പോള്‍ ഫോട്ടോ എടുത്തു. സമൂഹ മാധ്യമങ്ങള്‍ വഴി അത് പങ്കുവെയ്ക്കുകയും ചെയ്തു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് കൂട്ടുകാരിയാണ് എന്നോട് സൈബര്‍ ആക്രമണത്തെ കുറിച്ച് പറഞ്ഞത്.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ വ്യക്തിഹത്യ നടത്താനോ, റേപ്പ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാനോ പാടില്ലല്ലോ. അവരുടെ മാനസിക പ്രശ്‌നമായിട്ടേ എനിക്ക് തോന്നിയുളളൂ.
ആണ്‍കുട്ടി കരഞ്ഞാല്‍, അയ്യേ ഇവനെന്താ പെണ്‍കുട്ടിയെ പോലെ എന്ന് ചോദിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നുണ്ട് പെണ്ണിനോടുളള വേര്‍തിരിവ്. പെണ്ണിനെ പോലെ കരയുന്നു എന്ന് പറയുന്നിടത്ത് പെണ്ണ് രണ്ടാംതരക്കാരിയാകുന്നു.
ബോഡി ഷെയിമിംഗില്‍ തുടങ്ങി ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാല്‍ പോലും ലൈംഗിക വസ്തുവായി കാണുന്ന സംസ്‌കാരത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നതെന്ന് തോന്നുന്നു,” മനോരമ ആഴ്ചപതിപ്പിനോട് അനശ്വര പറഞ്ഞു.
Actress Anaswara Rajan commenting on the campaign ‘We have legs’ that started with an Instagram photo of her.