എന്നു മടങ്ങിയെത്തും തിയറ്ററുകളിലെ ആരവം?

എന്നു മടങ്ങിയെത്തും തിയറ്ററുകളിലെ ആരവം?

കേരളത്തിലെ തിയറ്റര്‍ വ്യവസായം ഉണര്‍വിന്‍റെ പുതിയൊരു വഴിത്തിരിവില്‍ നില്‍ക്കവെയാണ് ഇടിത്തീ പോലെ കൊറോണ പ്രതിസന്ധി വന്നത്. മുമ്പ് കേരളത്തിന്‍റെ തിയറ്ററുകള്‍ എ, ബി, സി, ഡി എന്നിങ്ങനെ വിവിധ തട്ടുകളിലായാണ് നിലനിന്നത് എങ്കില്‍ പിന്നീട് ടെലിവിഷന്റെയും സിഡിയുടെയും പ്രചാരം വര്‍ധിച്ചതും റിലീസ് സെന്ററുകളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിച്ചതും ഗ്രാമീണ മേഖലയിലെ തിയറ്ററുകളെ തളര്‍ത്തി. ബി, സി, ഡി ക്ലാസ് തിയറ്ററുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ മറ്റ് ആവശ്യങ്ങളിലേക്ക് മാറുകയോ ചെയ്തു. സിനിമകളുടെയും പ്രേക്ഷകരുടെയും തലമുറ മാറ്റം ഇടക്കാലത്ത് റിലീസ് സെന്‍ററുകള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് തിയറ്റര്‍ വ്യവസായത്തില്‍ ഉള്ളത്.
മള്‍ട്ടി പ്ലക്‌സുകളും റിലീസ് കേന്ദ്രങ്ങളും ഗ്രാമീണ മേഖലയിലേക്ക് കൂടി എത്തുകയും ഇതോടെ കൂടുതല്‍ പ്രേക്ഷകര്‍ ആദ്യ ദിനങ്ങളില്‍ തന്നെ സിനിമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായത്. ഇത് സിനിമാ മേഖലയുടെ സമഗ്രമായ മുന്നേറ്റത്തിന് വഴിയൊരുക്കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവും സിനിമ കൂടുതല്‍ പേരിലേക്ക് പ്രാപ്തമാക്കി. വന്‍ മുതല്‍മുടക്കിലുള്ള ചിത്രങ്ങളിലൂടെ മലയാള ചിത്രങ്ങളുടെ വിപണി അതിരുകള്‍ വര്‍ധിപ്പിച്ച് മുന്നേറുകയും ചെയ്തു.
ഇതിനിടയിലേക്കാണ് വലിയ ആഘാതമേല്‍പ്പിച്ചുകൊണ്ട് കൊറോണ കടന്നു വന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും വലിയ തോതില്‍ ഇത് ബാധിച്ചെങ്കിലും യാതൊരു വിധത്തിലും ആശ്വാസത്തിനുള്ള ഓപ്ഷന്‍ ഇല്ലാതായത് തിയറ്റര്‍ വ്യവസായത്തിനാണ്. കൊറോണ വ്യാപനം തുടങ്ങതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രണ്ടുമാസത്തോളം മാത്രമാണ് തിയറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനായത്. നഗരങ്ങളിലെ റിലീസ് കേന്ദ്രങ്ങളില്‍ ചിലതു പോലും ബിസിനസ് അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു.
സിനിമ ആത്യന്തികമായി തിയറ്ററിനായി സാങ്കേതികമായും കലാപരമായും തയാറാക്കപ്പെടുന്ന സൃഷ്ടിയാണ്. അതിനാല്‍ കൊറോണ പ്രതിസന്ധിക്കു ശേഷവും തിയറ്ററുകളിലേക്ക് നല്ലകാലം മടങ്ങിയെത്തുമെന്ന് തന്നെയാണ് സില്‍മ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള മികച്ച പ്രൊജക്റ്റുകളാണ് മലയാളത്തിന്‍റെ അണിയറയില്‍ ഒരുങ്ങുന്നത്. തിയറ്ററുകളില്‍ വീണ്ടും മുഴങ്ങാന്‍ ഒരുങ്ങുന്ന ആരവങ്ങളെ നമുക്ക് വരവേല്‍ക്കാം.

Kerala theaters are continuing in the shutdown stage as the Covid-19 crisis is still exists.

Film scan Latest