കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് പ്രായമായവരെ ഒഴിവാക്കാനുള്ള ശ്രമങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്ന് അമിതാഭ് ബച്ചന്‍. സിനിമകള്‍, ടെലിവിഷന്‍ ഷോകള്‍, ഒടിടി പ്രോഗ്രാമുകളുടെ ഷൂട്ടിംഗ്, പ്രീപ്രൊഡക്ഷന്‍, പോസ്റ്റ്‌പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അനുമതിയില്‍ പ്രായമായ അഭിനേതാക്കളെയും മറ്റ് ജീവനക്കാരെയും പങ്കാളികളാക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇതിനെതിരെ ജൂലൈ 21 ന് എഴുപതുകാരനായ നടന്‍ പ്രമോദ് പാണ്ഡെയും ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ഉത്തരവ് റദ്ദ് ചെയ്തു.
പ്രായമായവരെ ചിത്രീകരണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് യുക്തിസഹമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയും തന്റെ ആശങ്കകള്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ വേറെന്ത് ജോലിയാണ് തനിക്ക് ചെയ്യാന്‍ കഴിയുന്നതെന്നു കൂടി നിര്‍ദ്ദേശിക്കണമെന്നും അമിതാഭ് ബച്ചന്റെ ട്വിറ്ററിലൂടെ ചോദിച്ചു. നേരത്തേ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ്ക്കും ഇവരുടെ മകള്‍ ആരാധ്യക്കും കോവിഡ് 19 ബാധയുണ്ടായിരുന്നു. ഇപ്പോള്‍ കുടുംബത്തിലെ എല്ലാവരും കോവിഡ് മുക്തരായിട്ടുണ്ട്.
Amithabh Bachan worries that COVID 19 may lead to avoidance of senior citizens in films. Big B was recovered from COVID 19 recently.