വിജയ് സേതുപതി നായകനാകുന്ന 33-ാം ചിത്രത്തില്‍ നിന്ന് നിര്‍മാതാക്കള്‍ തന്നെ പുറത്തിക്കിയതിനെതിരേ നടി അമല പോള്‍. സഹകരണ മനോഭാവമില്ലാതെയാണ് അമല പ്രൊഡക്ഷന്‍ ടീമിനോട് പ്രതികരിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മാതാക്കള്‍ അമലയെ മാറ്റിയതായി അറിയിച്ചിരുന്നത്. മേഘ്‌ന ആകാശാണ് പുതിയ നായിക. സംഗീതത്തിന് പ്രാധാന്യം നല്‍കി നവാഗതനായ വെങ്കട കൃഷ്ണ രോഘ്‌നാഥ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന വേലുകുമാറാണ്.
നിര്‍മാതാക്കള്‍ക്ക് താങ്ങാനാകാത്ത ഒരു ആവശ്യവും താന്‍ ഉന്നയിച്ചിട്ടില്ലെന്നും മികച്ച ചിത്രങ്ങള്‍ക്കായി പ്രതിഫലത്തില്‍ ഉള്‍പ്പടെ പല ചിത്രങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടുള്ളയാളാണ് താനെന്നും അമല പ്രസ്താവനയിലൂടെ വിശദീകരിച്ചു. തെറ്റായ ആരോപണങ്ങളാണ് നിര്‍മാതാവ് ഉന്നയിച്ചിട്ടുള്ളത്. ‘ഭാസ്‌കര്‍ ദ റാസ്‌കല്‍’ എന്ന ചിത്രത്തില്‍ തനിക്ക് പ്രതിഫലം ബാക്കി ലഭിക്കാനുണ്ടായിട്ടും ചിത്രം വേണ്ടത്ര വിജയിച്ചില്ല എന്നതു കണക്കാക്കി നിയമ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. അന്തോ അന്ത പറവൈ പൊലെ ‘ എന്ന ചിത്രത്തിനായി ഒരു ഗ്രാമത്തിലാണ് താമസിച്ചിട്ടുള്ളത്. പറഞ്ഞതിലും അഞ്ചു മണിക്കൂര്‍ ദിവസവും ജോലി ചെയ്താണ് ആ ചിത്രം പൂര്‍ത്തിയാക്കിയത്. അതിന്റെ അവസാന ദിവസത്തെ ചെലവു മുഴുവന്‍ വഹിച്ചത് താനാണ്.
ഏറ്റവും പുതിയ റിലീസായ ആടൈക്കായും ചെറിയ പ്രതിഫലമാണ് വാങ്ങിയിട്ടുള്ളത്. ബാക്കി ലാഭം ലഭിക്കുമ്പോഴുള്ള വിഹിതത്തില്‍ നിന്നു ലഭിക്കുന്ന തരത്തിലാണ് കരാര്‍. വിഎസ്പി 33 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിനായും സ്വന്തം നിലയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരുങ്ങവേയാണ് ചിത്രത്തില്‍ നിന്ന് പുറത്താക്കിയ വിവരം അറിയുന്നത്. അഭിനേതാക്കളുടെ സമയത്തിനോ കഴിവിനോ യാതോരു വിലയും നല്‍കാത്ത ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
വിജയ് സേതുപതിയുടെ ആരാധികയാണ് താനെന്നും മറ്റൊരു ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമല പറഞ്ഞു. ഈ സംഭവത്തില്‍ വിജയ് സേതുപതി യാതൊരു വിധത്തിലും കുറ്റക്കാരനല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അമലയെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നേരത്തേ വന്നിരുന്നത്.
Amala Paul explains her exit from Vijay Sethupathi movie. Amala denied the allegations from the production house.