ഛായാഗ്രാഹകനില്‍ നിന്ന് സംവിധായകനായി മാറിയ അമല്‍നീരദിന്റെ ക്രാഫ്റ്റ് വരത്തന്റെ പശ്ചാത്തലത്തില്‍ അരുണ്‍ രവീന്ദ്രന്‍ വിലയിരുത്തുന്നു
അമല്‍ നീരദ് എന്ന സംവിധായകന് മനസില്‍ നല്‍കിയിരുന്ന ബില്‍ഡപ്പിനൊപ്പം ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സിനിമയെന്ന് വത്തനെ ഒറ്റവാക്കില്‍ നിര്‍വ്വചിക്കാം… അമലിനെപ്പറ്റി ഞാന്‍ ആദ്യമറിയുന്നത് പക്ഷേ വളരെ മുമ്പാണ്. എന്റെ സിനിമാകാഴ്ചകളെ സ്വാധീനിച്ച വ്യക്തികളിലൊരാള്‍. രാംഗോപാല്‍ വര്‍മ സ്‌കൂളിന്റെ പ്രൊഡക്റ്റ് എന്ന നിലയിലാണ് ആദ്യം അദ്ദേഹം മലയാള സിനിമാലോകത്ത് അവതരിപ്പിക്കപ്പെട്ടത്.
രാം ഗോപാല്‍ വര്‍മ സിനിമകള്‍ ലക്ഷ്യമിടുന്ന ടാര്‍ജറ്റ്ഡ് ഓഡിയന്‍സില്‍പ്പെട്ട പ്രേക്ഷകനാണ് ഞാന്‍. രംഗീല എന്ന ചിത്രമാണ് ആദ്യം കണ്ടതെങ്കിലും സിനിമ എന്ന നിലയില്‍ എന്നെ വര്‍മയുടെ ആരാധകനാക്കിയത് സത്യയും കോനുമാണ്. ഈ സിനിമകളിലെ വ്യത്യസ്തമായ ഷോട്ടുകളും റിയലിസ്റ്റിക്ക് ആയ ചിത്രീകരണവും ജിജ്ഞാസ ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് വര്‍മയുടെ ഇവിടെയിറങ്ങുന്ന എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ പോയി കാണുമായിരുന്നു. കോന്‍ എന്ന സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്ന ഷോട്ടുകള്‍, ആ ഹിച്ച്‌കോക്കിയന്‍ സ്‌റ്റൈല്‍ പിന്നീട് സിനിമയെപ്പറ്റി സീരിയസായ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനമായിരുന്നു.
വെളിച്ചത്തു ചിത്രീകരിച്ച് ഇരുട്ടത്തു പ്രദര്‍ശിപ്പിക്കുന്ന കണ്‍കെട്ടുവിദ്യ ഒളിഞ്ഞുനോട്ടങ്ങളുടെ പ്രലോഭനക്കാഴ്ച കൂടിയാണെന്ന് കൗമാരത്തിനും മുമ്പേ മനസിലാക്കിയിരുന്നു. അതിലെ ശരിതെറ്റുകളോ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസുകളോ തിരിച്ചറിയാത്ത കാലം. ഈ ധാരണയെ വ്യത്യസ്ത അനുഭവമാക്കി മാറ്റിയ ചിത്രങ്ങളാണ് സത്യയും കോനും. സത്യയില്‍ ജയില്‍ രംഗത്തിലേക്കു തുറക്കുന്ന ആദ്യഷോട്ട് അന്നേവരെ കാണാത്തതാണ്. നന്നേ കുട്ടിയായിരിക്കുമ്പോള്‍ തിയെറ്ററില്‍ കണ്ട ചിലമ്പ് എന്ന ഭരതന്‍ ചിത്രത്തില്‍ തറവാട്ടിലേക്ക് റഹ്മാന്‍ നടന്നു കയറുന്ന സീന്‍ മാത്രമാണ് എന്റെ മനസില്‍ ഇതേസ്ഥാനത്തു നിന്നിട്ടുള്ളത്. തന്നെ വിസ്മയിപ്പിച്ച സംവിധായകനാണ് ഭരതനെന്ന് വര്‍മ പറഞ്ഞിട്ടുണ്ട്.
സത്യയിലെ മുംബൈ അധോലോകത്തിന്റെ യഥാതഥ ചിത്രീകരണത്തിനു ശേഷം ഊര്‍മിളയുടെ പ്രകടനമികവ് അടയാളപ്പെടുത്തിയ കോന്‍ എന്ന ചിത്രത്തിന് ഇന്ത്യന്‍ സിനിമയില്‍ സവിശേഷസ്ഥാനമുണ്ട്..അരക്ഷിതയായ യുവതി അനുഭവിക്കുന്ന ഭയം, ഓഫ് ബീറ്റ് എന്നു തോന്നിക്കുമ്പോഴും കഥയില്‍ ബോറടിപ്പിക്കാതെ പിടിച്ചിരുന്ന പരിമിതവൃത്തത്തിനുള്ളില്‍ ചിത്രീകരിച്ച് പ്രേക്ഷകനെ ആസ്വദിപ്പിച്ച വര്‍മയുടെ ചിത്രം ഇതായിരിക്കും. ഒരു സിനിമയില്‍ മുഴുവന്‍ മുഴുകിയിരുന്ന ശേഷം അന്ത്യത്തില്‍ പ്രേക്ഷകനെ കീഴ്‌മേല്‍ മറിച്ചിടുന്ന അനുഭവം അതേവരെ ഉണ്ടായിട്ടില്ല. ഒളിഞ്ഞു നോട്ടങ്ങളേക്കാള്‍ ഭീതി നിറഞ്ഞ കാഴ്ചപ്പാടുകളാണ് വര്‍മ കോനിലൂടെ നല്‍കിയത്.
വര്‍മ്മ നിര്‍മിച്ച ജെയിംസ് എന്ന ചിത്രത്തില്‍ ക്യാമറ ചെയ്ത ശേഷം ബോളിവുഡില്‍ നിന്നു മലയാളത്തില്‍ സിനിമ ചെയ്യണമെന്നാഗ്രഹിച്ചെത്തിയ അമല്‍ രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തില്‍ ഛായാഗ്രാഹകനായി. അതിലെ ലൊക്കേഷനുകള്‍ക്കും ചില രംഗങ്ങള്‍ക്കും അമല്‍നിരദീന്റെ സ്പര്‍ശമുണെന്ന് രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്. റഹ്മാനെ കൊല്ലുന്ന ലൊക്കേഷന്‍, പാപ്പാളി സാബു ബൈക്കുമായി കേയറി വരുന്ന കോളനി തുടങ്ങിയവ കണ്ടെത്തിയതിലായിരിക്കണം അത്. പിന്നെ ആദ്യത്തെ ക്വട്ടേഷന്‍ രംഗത്തിലെ കാറിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകര്‍ക്കുന്നതും ക്ലൈമാക്‌സില്‍ ലാലിനെ വധിക്കുന്നതുമായ പല രംഗങ്ങളും അമലിന്റെ സെന്‍സില്‍ ഉര്‍ന്ന് വിഷ്വലുകളാണെന്ന് കരുതുന്നു.
എന്നില്‍ ഏറ്റവും ജുഗുപ്‌സയുണ്ടാക്കുന്ന വരത്തന്‍ എന്ന വാക്ക് തേവരയില്‍ വാടകയ്ക്ക് താമസിക്കുന്ന കാലത്താണ് കേള്‍ക്കുന്നത്. വന്നു താമസിക്കുന്ന എല്ലാവരെക്കുറിച്ചും ആ നാട്ടുകാര്‍ ആ വാക്കുപയോഗിച്ച് ആക്ഷേപിക്കുമായിരുന്നു. പശ്ചിമകൊച്ചിയില്‍ പൊതുവേ ഉപയോഗിക്കുന്ന ഒരു വാക്കാണത്. അതേപ്പറ്റി തിരിവനന്തപുരം സ്വദേശിയായ മലയാളം അധ്യാപകന്‍ ക്ലാസില്‍ വളരെ അമര്‍ഷത്തോടെ സംസാരിച്ചിട്ടുള്ളത് ഓര്‍മിക്കുന്നു. ഒരു ദേശത്തോ, ജാതിയിലോ, മതത്തിലോ, കുടുംബത്തിലോ ജനിച്ചു പോയി എന്നതില്‍ അഭിമാനിക്കുന്ന വിഡ്ഢിത്തം പേറുന്ന, ആത്മവിശ്വാസമോ ഉല്‍ക്കര്‍ഷേച്ഛയോ ഇല്ലാത്തവരുടെ മുറുമുറുക്കലായാണ് ആ പ്രയോഗത്തെ ഞാന്‍ എടുക്കാറുള്ളത്.
സിനിമയില്‍ ഗൃഹാതുരത്വം അനുഭവിക്കാനോ ആശ്വാസം കണ്ടെത്താനോ ആഗ്രഹിച്ചു വരുന്ന ദമ്പതികളെ മാനസിക വൈകൃതമുള്ള അന്നാട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുകയും ക്രമേണ ടോര്‍ച്ചര്‍ ട്രോമയായി പരണമിക്കുന്ന സാഹചര്യം വിവിരിക്കുന്നു. യാഥാസ്ഥിതിക ഭാവം കാലമര്‍ഹിക്കാത്ത പുണ്ണായി മനസില്‍ പൊട്ടിയൊലിക്കുന്നതാണ് ദുരാചാര പോലീസിംഗ്. ഈ വിഷയം ഇരകളിലൂടെ പ്രതിഫലിപ്പിക്കാന്‍ ക്യാമറക്കാഴ്ചകളിലൂടെ അമലിനായി. വേട്ടയാടുന്ന ക്യാമറാനോട്ടങ്ങള്‍ നമ്മുടെ തന്നെ വിഷലിപ്തമായ മനസിലേക്കുള്ള സ്വയം ആത്മപരിശോധനയായി കാണാം.
അമല്‍ സിനിമ പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകനെ ലക്ഷ്യമിട്ട് ചടുലമായി അവസാന സീനുകള്‍ ഒരുക്കിയെങ്കിലും എനിക്കു പ്രധാനമായി തോന്നിയത് അതുവരെ കൊണ്ടെത്തിച്ച സാഹചര്യങ്ങളാണ്. ഇപ്പോള്‍ കുട്ടികളെ നിര്‍ബന്ധമായി പഠിപ്പിക്കേണ്ടി വന്നിട്ടുള്ള ഗുഡ് ടച്ചും ബാഡ് ടച്ചും മനസിലാക്കാന്‍ പറ്റുന്ന ഒരു സ്ത്രീയുടെ സഹജാവബോധത്തെക്കുറിച്ച് സിനിമ കാണിച്ചു തരുന്നുണ്ട്.
പീഡ, അത് സമൂഹത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആകട്ടെ, പുരുഷന് എത്ര പറഞ്ഞു കൊടുത്താലും മനസിലാകില്ലെന്നു ചിത്ര പറയുന്നു. അത് ആണ്‍ കാഴ്ചയുടെ കൂടി കുഴപ്പമാണ്. ഇരയാക്കപ്പെട്ടവര്‍ക്കു മാത്രമേ ദുരാചാര പോലീസിംഗിന്റെ ഭീകരതയും നിസ്സഹായാവസ്ഥയും മനസിലാകൂ. ഭരണഘടന ഉറപ്പു നല്‍കുകയും കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയതുമായ സ്വാതന്ത്ര്യങ്ങള്‍ക്ക് പോലിസ് അടക്കമുള്ളവര്‍ക്ക് ഇപ്പോഴും വിലക്കു കല്‍പ്പിക്കാന്‍ അവസരം നല്‍കുന്നത് ആള്‍ക്കൂട്ട ഭീകരത തരുന്ന പ്രോത്സാഹനം അല്ലാതെ മറ്റെന്താണ്?
മുഖമില്ലാത്ത അരാജകക്കൂട്ടത്തില്‍ നാം ബഹുമാനിക്കുന്ന സ്‌നേഹിക്കുന്ന ആളുകളുടെയും പ്രതിനിധികളുണ്ട് എന്നതാണ് കഷ്ടം… എത്ര ആവര്‍ത്തിച്ചാലും സംവിധാനത്തിനു മാറ്റമുണ്ടാകില്ലെന്നത് നിരാശാജനകം തന്നെ. ജീവന്‍ നഷ്ടപ്പെടുത്തുന്ന രീതിയില്‍ ദുരാചാര പോലീസിംഗ് കേരളത്തില്‍ പിടി മുറുക്കിയിട്ടും ഇതിനു ശമനമുണ്ടാക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്കു കഴിയാത്തത്, നേരത്തേ പറഞ്ഞ പ്രതിനിധികള്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ്. ഇതിനെതിരേ ചെറുചിന്തെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞത് സിനിമയുടെ വിജയമാണ്.
നിര്‍മാണ കൗശലത്തില്‍ ഹോളിവുഡ് പകര്‍പ്പുകളെടുക്കുന്നുവെന്ന പഴി കേള്‍ക്കുന്ന അമലിന്റെ അവസാന മൂന്നു ചിത്രങ്ങളില്‍ സ്വാഭാവിക പരിണാമങ്ങള്‍ വന്നിട്ടുണ്ടെന്നത് സത്യമാണ്. ഇതില്‍ ഇയ്യോബിന്റെ പുസ്തകമാകും മിക്കവാറും പേരെ ആകര്‍ഷിച്ചിട്ടുണ്ടാകുക. എന്നാല്‍ പറഞ്ഞ സത്യത്തിന്റെ പേരില്‍ വരത്തന്‍ ആയിരിക്കും കേരള പശ്ചാത്തലത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. മനോഹരമായ പശ്ചാത്തലത്തില്‍ കഥ പറയാനുള്ള അമലിന്റെ കഴിവ് ഇനിയും ഉയരത്തിലെത്തട്ടെ. കാസ്റ്റിംഗിനൊപ്പം തിരക്കഥ, സിനിമട്ടോഗ്രഫി, സംഗീതം, ആക്ഷന്‍ എന്നീ മേഖലകളിലും അമലിന്റെ പുതിയ ടീം മികവു പുലര്‍ത്തി. സിനിമ അര്‍ഹിക്കുന്ന റീച്ച് നേടിയെന്നു വിശ്വസിക്കുന്നു.