‘മുരുകന്‍ തീര്‍ന്നു’ 2018 പുതിയ ഇൻഡസ്ട്രി ഹിറ്റ്

‘മുരുകന്‍ തീര്‍ന്നു’ 2018 പുതിയ ഇൻഡസ്ട്രി ഹിറ്റ്

ആഗോള ബോക്സ്ഓഫിസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി ‘2018’. ഇന്നലത്തെ കളക്ഷന്‍റെ അന്തിമ വിവരം കൂടി എത്തിയതോടെ ചിത്രം 137.60 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ 137.35 കോടി രൂപയാണ് നേടിയത്. 128 കോടി രൂപയുടെ കളക്ഷനുമായി ലൂസിഫര്‍ മൂന്നാം സ്ഥാനത്തും 88 കോടി കളക്ഷനുമായി ഭീഷ്മപര്‍വം നാലാം സ്ഥാനത്തുമാണ്. കേരളത്തിലെ മാത്രം കളക്ഷനെടുത്താല്‍ ഇപ്പോഴും പുലിമുരുകനാണ് മുന്നിലുള്ളത്. എന്നാൽ ആ റെക്കോർഡ് വരും ദിവസങ്ങളിൽ 2018 സ്വന്തമാക്കും.

ഇപ്പോഴും പ്രവൃത്തി ദിനങ്ങളില്‍ ഉള്‍പ്പടെ വലിയ തിരക്ക് അനുഭവപ്പെടുന്ന ചിത്രം മലയാളത്തില്‍ നിന്ന് ആദ്യ 150 കോടി ചിത്രവും 200 കോടി ചിത്രവുമാകാനുള്ള സാധ്യത മുന്നിലുണ്ട്. കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 11ദിവസം കൊണ്ട് 100 കോടി കളക്ഷനില്‍ എത്തിയിരുന്നു

വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്.

Film scan Latest