ചക്രം എന്ന ചിത്രം പാതിവഴിയില്‍ മുടങ്ങിയതിനു ശേഷം മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ കമല്‍. ഇടക്കാലത്ത് രണ്ട് ചിത്രങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് മുന്നോട്ടുകൊണ്ടുപോവാനായില്ല. സൂപ്പര്‍ താര പരിവേഷത്തെ ഉപയോഗപ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ തനിക്ക് പരിമിതിയുണ്ടെന്നും ഇത് തന്റെ കഴിവുകേടായാണു കാണുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ അത്തരം ചിത്രങ്ങളോടാണ് താല്‍പ്പര്യമെന്നാണ് കരുതുന്നത്. തനിക്ക് ലാല്‍ അപ്രാപ്യനായി എന്നൊരു തോന്നലുണ്ടെന്നും കമല്‍ വ്യക്തമാക്കി.
മമ്മൂട്ടിയുടെ സൂപ്പര്‍താര പരിവേഷം ഏറെ ഉപയോഗിച്ച രാജമാണിക്യം സിനിമ വന്ന സമയത്തു തന്നെയാണ് അദ്ദേഹത്തെ ഡീഗ്ലാമറൈസ് ചെയ്ത് കറുത്ത പക്ഷികള്‍ എന്ന സിനിമയൊരുക്കാനായത്. അത് അദ്ദേഹം കൂടി താല്‍പ്പര്യം പ്രകടിപ്പിച്ചതു കൊണ്ടാണ് സാധിക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.