ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതുമുഖ താരം പ്രിയാ വാര്യര്‍ക്കെതിരേ രേഖപ്പെടുത്തിയ എഫ് ഐ ആറില്‍ തുടര്‍ നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനം മത വികാരങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതില്‍ അഭിനയിച്ച പ്രിയക്കെതിരെയും പരാതിയുയര്‍ന്നത്. തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി വിശദമാക്കയിട്ടുണ്ട്.
കേസ് അടിയന്തിരമായ പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ അടിയന്തരാവശ്യം. ഭാവിയില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് കോടതി തടയണമെന്നും പ്രിയാ വാര്യരുടെ ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.